മുണ്ടൂർ കൃഷ്ണൻ കുട്ടി സ്മാരക പുരസ്കാരം സാറാ ജോസഫിന്
Tuesday, May 23, 2023 9:44 PM IST
പാലക്കാട്: കഥാകൃത്ത് മുണ്ടൂർ കൃഷ്ണൻ കുട്ടി സ്മാരക അവാർഡിന് സാഹിത്യകാരി സാറാ ജോസഫിനെ തെരെഞ്ഞടുത്തു. സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ് നല്‍കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
25,000 രൂപയും ചിത്രകാരനും ശിൽപിയുമായ ഷഡാനൻ ആനിക്കത്ത് രൂപകൽപന ചെയ്ത ഉപഹാരവും ആദരപത്രവുമാണ് അവാർഡ്. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ ചരമദിനമായ ജൂണ്‍ നാലിന് വൈകുന്നേരം നാലിന് മുണ്ടൂർ കെഎപി ഓഡിറ്റോറിയത്തിൽ സ്മൃതി സമ്മേളനത്തിൽ മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത അവാർഡ് നല്‍കും. നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ടി.ആർ. അജയൻ, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, ഡോ.പി. ജയശീലൻ, ഡോ.സി.പി. ചിത്രഭാനു എന്നിവരടങ്ങിയ സമിതിയാണ് സാറാ ജോസഫിനെ തെരഞ്ഞെടുത്തത്.