പാലക്കാട്: പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്‍റെ മൃതദേഹം അമൃത്സറിൽ വച്ച് ബന്ധുക്കൾ ഏറ്റുവാങ്ങും. എന്നാൽ മൃതദേഹം മറവുചെയ്യാൻ നാട്ടിലേയ്ക്ക് കൊണ്ടുവരില്ല. അമൃത്സറിൽ വച്ചു തന്നെ മൃതദേഹം കബറടക്കാനാണ് നീക്കം.

പഞ്ചാബ് അതിർത്തിയായ അട്ടാരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി അമൃത്സർ ജില്ലാ കളക്ടർക്ക് നൽകി.

മരണവുമായി ബന്ധപെട്ട രേഖകൾ ഇന്ന് തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. സുൾഫിക്കറിന്‍റെ ബന്ധുക്കൾ നേരിട്ടെത്തി തിരിച്ചറിഞ്ഞ് സ്വീകരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അമൃത്സർ വരെ എത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് അറിയിച്ചതിനെ തുടർന്നാണ് അമൃത്സർ ജില്ലാ കളക്ടർ മൃതദേഹം ഏറ്റുവാങ്ങിയത്.

സുൾഫിക്കറിന്‍റെ ഗൾഫിലുള്ള സഹോദരൻ ഇന്ന് അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കും. ഇതിനുശേഷമാകും മൃതദേഹം കബറടക്കുക.