രാഹുൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ ഗതിയെന്ന് സ്മൃതി ഇറാനി
Monday, May 22, 2023 11:06 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയായി തുടർന്നാൽ വയനാടിന് അദ്ദേഹത്തിന്റെ മുൻ ലോക്സഭാ മണ്ഡലമായ അമേത്തിയുടെ ഗതി വരുമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
അമേത്തിയിൽ നിന്ന് രാഹുലിനെ പറഞ്ഞുവിടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മന്ത്രി പറഞ്ഞു. രാഹുൽ അമേത്തി എംപിയായിരുന്ന കാലത്ത് മണ്ഡലത്തിലെ 80 ശതമാനം ആളുകൾക്കും വൈദ്യുത കണക്ഷൻ ഇല്ലായിരുന്നു. കളക്ട്രേറ്റ്, മെഡിക്കൽ കോളജ്, അഗ്നിരക്ഷാ നിലയം, മികച്ച സ്കൂളുകൾ എന്നിവയൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു അമേത്തി. രാഹുൽ പോയതിന് ശേഷം ഇതെല്ലാം അമേത്തിയിൽ എത്തി.
രാഹുൽ തുടർന്നാൽ വയനാടിനും സമാനസ്ഥിതി ഉണ്ടാകുമെന്നും സ്മൃതി പറഞ്ഞു. അതിനാൽ രാഹുൽ ഇവിടെ തുടരുന്നില്ലെന്ന് ജനം ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന ബിഎംഎസ് സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ 55,120 വോട്ടുകൾക്ക് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാഹുലാണ് അമേത്തിയിൽ ഏറ്റവും കൂടുതൽ കാലം എംപിയായിരുന്ന വ്യക്തി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരും കോൺഗ്രസ് ടിക്കറ്റിൽ അമേത്തിയിൽ നിന്ന് വിജയിച്ചിട്ടുണ്ട്.