എംജി സർവകലാശാല വിസിക്ക് പുനർനിയമനം നൽകണമെന്ന് സർക്കാർ
Monday, May 22, 2023 10:01 PM IST
തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് പുനർനിയമനം നൽകാനൊരുങ്ങി സർക്കാർ. ഡോ. സാബുവിന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ കത്ത് നൽകി.
എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്.
ഗവർണർ - സർക്കാർ പോരിനിടെ പിരിച്ചുവിടേണ്ട വിസിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് ഡോ. സാബു. ചാൻസലർ പദവി വഹിക്കുന്ന ഗവർണർ സർക്കാർ നിർദേശം അംഗീകരിച്ചാൽ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തർക്കവിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണെന്ന വ്യാഖ്യാനം ഉയരാൻ സാധ്യതയുണ്ട്. അതിനാൽത്തന്നെ നിർദേശത്തോടുള്ള ഗവർണറുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് എൽഡിഎഫ് വൃത്തങ്ങൾ.