കാട്ടുപോത്ത് ആക്രമണം; വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്ന് എരുമേലി പഞ്ചായത്ത്
Monday, May 22, 2023 12:24 PM IST
കോട്ടയം: നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയില്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി.
സംഭവത്തിന് ശേഷം വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. കണമലയിലിറങ്ങിയ കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വനത്തില്‍വച്ച് നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്ന് അക്രമാസക്തനായ പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ വിചിത്ര കണ്ടെത്തൽ. എന്നാൽ നായാട്ടുകാർ വനത്തിൽ കയറിയതിന്റെ തെളിവുകളൊന്നും വനംവകുപ്പിന്റെ കൈവശമില്ല.
ആക്രമണകാരിയായ പോത്തിനെ കണ്ടെത്തി വെടിവയ്ക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ആരോപിച്ചു.