എസ്എഫ്ഐ ആള്‍മാറാട്ടം; എംഎല്‍എമാര്‍ക്ക് പരസ്യപ്രതികരണത്തിന് സിപിഎം വിലക്ക്
Monday, May 22, 2023 12:49 PM IST
തിരുവനന്തപുരം: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ എംഎല്‍എമാര്‍ക്ക് പരസ്യപ്രതികരണത്തിന് സിപിഎം വിലക്ക് ഏർപ്പെടുത്തി.
കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎല്‍എ ഐ.ബി.സതീഷിനും അരുവിക്കര എംഎല്‍എ ജി. സ്റ്റീഫനുമാണ് പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന അറിയിപ്പ് പാർട്ടി നൽകിയത്.
സംഭവവുമായി ബന്ധമില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. വിഷയത്തിൽ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണങ്ങൾ വിലക്കിയത്.
കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയില്ലാതെ ഇത്തരം ക്രമക്കേട് നടക്കാന്‍ സാധ്യതയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ അന്വേഷണം ആവശ്വപ്പെട്ട് പാര്‍ട്ടിക്ക് കത്ത് കൈമാറിയത്.
അതേസമയം ആള്‍മാറാട്ടത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിനേയും എസ്എഫ്ഐ നേതാവായിരുന്ന എ.വിശാഖിനേയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തു. വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അടുത്ത ദിവസങ്ങളില്‍ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടി പോലീസ് സ്വീകരിക്കും. ആള്‍മാറാട്ട സംഭവത്തില്‍ പ്രിന്‍സിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ ക്രിമിനല്‍ കേസെടുത്തു വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കേരള സര്‍വകലാശാല, സംസ്ഥാന പോലീസ് മേധാവിക്കു നല്കിയ പരാതിയിലാണു നടപടി.