തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു
Sunday, May 21, 2023 5:55 PM IST
തൃശൂർ: ചേലക്കരയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. അപകടസമയത്ത് വാനിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊണ്ടാഴി മേഖലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വിവാഹസംഘത്തിലുള്ളവർക്ക് സഞ്ചരിക്കാനുള്ള വാനുമായി ഡ്രൈവർ കെ. ഹരികൃഷ്ണൻ കൊണ്ടാഴിയിലേക്ക് പോകുന്ന വേളയിലാണ് സംഭവം നടന്നത്.
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും വാൻ പൂർണമായി കത്തിനശിച്ചു.