പ്രമുഖ സാഹിത്യകാരൻ മാർട്ടിൻ ആമിസ് അന്തരിച്ചു
Sunday, May 21, 2023 6:33 AM IST
ന്യൂയോർക്ക്: പ്രമുഖ ഇംഗ്ലിഷ് നോവലിസ്റ്റ് മാർട്ടിൻ ആമിസ്(73) അന്തരിച്ചു. ന്യൂയോർക്കിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെ(പ്രാദേശിക സമയം) ആണ് മരണം സംഭവിച്ചത്. കാൻസർ രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
പ്രമുഖ സാഹിത്യകാരനായ കിംഗ്സ്ലി ആമിസിന്റെ മകനായി 1949-ൽ ജനിച്ച മാർട്ടിൻ നിരവധി നോവലുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. "റേച്ചൽ പേപ്പേഴ്സ്' എന്ന കൃതിയിലൂടെ സാഹിത്യലോകത്തേക്ക് ചുവടുവച്ച ആമിസിനെ പ്രശസ്തനാക്കിയത് 1984-ൽ പുറത്തിറങ്ങിയ "മണി' എന്ന നോവലാണ്.
ഒരു ഹോളിവുഡ് ചിത്രം ഒരുക്കാനുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമത്തിന്റെ കഥ പറയുന്ന നോവൽ ആത്മകഥാംശം ഉള്ളതായിരുന്നു. "സാറ്റേൺ 3' എന്ന ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കവേ താൻ നേരിട്ട അനുഭവങ്ങളാണ് നോവലിൽ നിറഞ്ഞത്. 1989-ൽ പുറത്തിറങ്ങിയ "ലണ്ടൻ ഫീൽഡ്സ്' ആമിസിന്റെ മറ്റൊരു പ്രശസ്ത നോവലാണ്.