കാൽക്കുലേറ്റർ പ്ലീസ്! രാജസ്ഥാന് പ്ലേഓഫ് കാത്തിരിപ്പ് തുടരാം
Friday, May 19, 2023 11:44 PM IST
ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ 14 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന റോയൽസിന് ഇനി കണക്കുകൂട്ടലിന്റെയും കാത്തിരിപ്പിന്റെയും ദിനങ്ങൾ.
കിംഗ്സ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെയാണ് റോയൽസ് മറികടന്നത്. ഇതോടെ 14 വീതം പോയിന്റുള്ള ആർസിബി, മുംബൈ ഇന്ത്യൻസ് എന്നിവർ അവസാന ലീഗ് മത്സരത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടാൽ റോയൽസിന് പ്ലേഓഫ് ഉറപ്പിക്കാം. പരാജയത്തോടെ കിംഗ്സ് ലീഗിൽ നിന്ന് പുറത്തായി.
സ്കോർ:
രാജസ്ഥാൻ റോയൽസ് 187/5(20)
പഞ്ചാബ് കിംഗ്സ് 189/6(19.4)
28 പന്തിൽ 48 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മെയർ ആണ് റോയൽസിനെ വിജയതീരത്ത് എത്തിച്ചത്. ജോസ് ബട്ലറെ(0) വേഗം നഷ്ടമായെങ്കിലും യശ്വസി ജെയ്സ്വാൾ(50), ദേവ്ദത്ത് പടിക്കൽ(51) എന്നിവർ ടീമിനെ മുന്നോട്ട് നയിച്ചു. നായകൻ സഞ്ജു സാംസൺ(2) വീണ്ടും നിരാശപ്പെടുത്തിയതോടെ 10.5 ഓവറിൽ 90-3 എന്ന നിലയിലായിരുന്നു റോയൽസ്.
തുടർന്ന് റിയാൻ പരാഗ്(12 പന്തിൽ 20) ഹെറ്റ്മെയർക്ക് പിന്തുണയേകി. സാം കറനുമായി പലവട്ടം ഫീൽഡിൽ ഉരസിയ ഹെറ്റ്മെയർ ഒടുവിൽ താരത്തിന്റെ പന്തിൽ ശിഖർ ധവാന് ക്യാച്ച് നൽകി മടങ്ങിയതോടെ റോയൽസ് സമ്മർദത്തിലായിരുന്നു. എന്നാൽ ഇംപാക്ട് പ്ലെയർ ആയി എത്തിയ ധ്രുവ് ജുറെൽ(നാല് പന്തിൽ 10) ടീമിനായി വിജയം നേടിയെടുത്തു.
നേരത്തെ, സാം കറൻ(31 പന്തിൽ 49), ജിതേഷ് ശർമ(28 പന്തിൽ 44), ഷാറൂഖ് ഖാൻ(23 പന്തിൽ 41) എന്നിവരുടെ അവസാന ഓവറുകളിലെ പോരാട്ടമാണ് കിംഗ്സിനെ മികച്ച സ്കോറിലെത്തിച്ചത്. റോയൽസിനായി നവ്ദീപ് സെയ്നി മൂന്നും ട്രെന്റ് ബോൾട്ട്, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.