തൃശൂരിൽ ചകിരി കമ്പനിയിൽ അഗ്നിബാധ; വൻ നാശനഷ്ടം
Friday, May 19, 2023 7:48 AM IST
പീച്ചി: തൃശൂർ ആൽപ്പാറയിലുള്ള ചകിരി കമ്പനിയിൽ വൻ അഗ്നിബാധ. പൈനാടത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഇന്ന് പുലർച്ചെ 12.45നാണ് തീ പിടിത്തമുണ്ടായത്. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ചകിരിയിൽ നിന്നും ചകിരിച്ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിടിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. സംസ്കരിച്ച ചകിരിയും കയർ കയറ്റിനിർത്തിയ ടെമ്പോയും കത്തി നശിച്ചു.
എങ്ങനെയാണ് കമ്പനിയിൽ തീപിടിത്തം ഉണ്ടായതെന്നു വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് കമ്പനി പൂട്ടി ചകിരി മുഴുവൻ വെള്ളം നനച്ചതിനുശേഷമാണ് തൊഴിലാളികൾ പോയത്.