113 മില്യൺ യൂറോയുടെ ആഭരണങ്ങൾ മോഷ്ടിച്ച റെമ്മോ കുടുംബത്തിന് ശിക്ഷ വിധിച്ച് കോടതി
Wednesday, May 17, 2023 12:56 PM IST
ബെർലിൻ: ജർമനിയിലെ ഡ്രെസ്ഡെൻ നഗരത്തിലുള്ള ഗ്രീൻ വോൾട്ട് മ്യൂസിയത്തിൽ നിന്ന് 113 മില്യൺ യൂറോ മൂല്യം വരുന്ന ആഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു.
പോലീസിന്റെ സ്ഥിരം നോട്ടപുള്ളികളായ റെമ്മോ കുടുംബത്തിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ട എല്ലാവരും. നാല് വർഷം മുതൽ ആറ് വർഷം വരെ തടവുശിക്ഷയാണ് ഏവർക്കും ലഭിച്ചത്.
2019 നവംബർ 25-നാണ് 4,300 വജ്രങ്ങൾ പതിച്ച 41 ആഭരണങ്ങൾ മോഷണം പോയത്. ആയുധധാരികളായ സംഘം, മ്യൂസിയത്തിന് വെളിയിലുള്ള വൈദ്യുതബന്ധം തകരാറിലാക്കാൻ അഗ്നിബാധ സൃഷ്ടിച്ച ശേഷമാണ് മോഷണം നടത്തിയത്. തടയാനെത്തിയവരെ ശാരീരികമായി ആക്രമിച്ച സംഘം പാർക്കിംഗ് ഗ്രൗണ്ടിലെ ഒരു കാർ തീ വച്ച് നശിപ്പിച്ച ശേഷമാണ് രക്ഷപ്പെട്ടത്.
മാസങ്ങൾക്ക് ശേഷം പിടിയിലായ ഇവരുടെ പക്കൽ നിന്ന് മോഷണം പോയ ഭൂരിഭാഗം വസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നാൽ 12 മില്യൺ യൂറോ മൂല്യമുള്ള "സാക്സൺ വൈറ്റ്' എന്ന വജ്രം ഉൾപ്പെടെയുള്ള ആഭരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുറ്റവാളികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അഞ്ച് പേരും കുറ്റസമ്മതം നടത്തിയതിനാൽ ഈ ശിക്ഷ മതിയെന്നാണ് കോടതി അറിയിച്ചത്.
തുർക്കി, ലബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ റെമ്മോ കുടുംബം നേരത്തെയും നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ബെർലിനിലെ ബോഡ് മ്യൂസിയത്തിൽ നിന്ന് 100 കിലോഗ്രാം തൂക്കമുള്ള "ബിഗ് മേപ്പിൾ ലീഫ്' എന്ന സ്വർണനാണയം മോഷ്ടിച്ചത് റെമ്മോ സംഘത്തിൽപ്പെട്ടവരാണ്. ഈ നാണയം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.