നിയമവിദ്യാര്‍ഥിനി വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികളുടെ മാനസികനില പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Tuesday, May 16, 2023 2:59 PM IST
കൊച്ചി: കോളിളക്കം സൃഷ്ടിച്ച രണ്ട് കൊലപാതകക്കേസുകളിലെ പ്രതികളുടെ മാനസികനിലയും സാമൂഹിക പശ്ചാത്തലവും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പെരുമ്പാവൂർ നിയമ വിദ്യാര്‍ഥിനി കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിന്റേയും പശ്ചാത്തലം പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്.
ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ് നിര്‍ദേശം നല്‍കിയത്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവുണ്ടാകുന്നത്. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും.
2014 ലാണ് നിനോ മാത്യു ,തന്റെ പെണ് സുഹൃത്തിന്റെ ഭര്‍തൃമാതാവിനെയും മൂന്നുവയസുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 2016ലായിരുന്നു പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ഥിനി പീഡനത്തിരയായി കൊല്ലപ്പെട്ടത്.