മകനെ കള്ളക്കേസില്‍ കുടുക്കി ഷാറൂഖ് ഖാനോട് പണം ആവശ്യപ്പെട്ടു; സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ എഫ്ഐആര്‍
Monday, May 15, 2023 4:17 PM IST
ന്യൂഡല്‍ഹി: നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യന് ഖാന് പ്രതിയായ വ്യാജ ലഹരിമരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കള്ളക്കേസുണ്ടാക്കിയശേഷം ഷാറൂഖിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് എഫ്ഐആറില്‍ പറയുന്നു.
ഇതിനായി സമീര്‍ കേസിലെ സാക്ഷി കെ.പി.ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തി. 25 കോടി രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. പിന്നീട് ചര്‍ച്ചയ്ക്കൊടുവില്‍ 18 കോടി കൊടുത്താല്‍ മതിയെന്ന ധാരണയിലെത്തി. ഇതില്‍ 50 ലക്ഷം അഡ്വാന്‍സായി കൈപ്പറ്റി.
സമീറിനെ കൂടാതെ എന്‍സിബി മുന്‍ എസ്പി വിശ്വ വിജയ് സിംഗ്, എന്‍സിബിയുടെ ഇന്റലിജന്‍സ് ഓഫിസര്‍ ആശിഷ് രഞ്ജന്‍, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാന്‍വില്‍ ഡിസൂസ എന്നിവരുടെ പേരും എഫ്ഐആറിലുണ്ട്.
2021 ഒക്ടോബര്‍ രണ്ടിന് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍ സമീറും സംഘവും റെയ്ഡ് നടത്തിയപ്പോള്‍ ലഹരിയുമായി പിടിയിലായവര്‍ക്കൊപ്പം ആര്യന് ഖാനും ഉണ്ടായിരുന്നു. ഇത് മുതലെടുത്ത് ഷാറൂഖിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് എന്‍സിബി ഉന്നതതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്യനെ പിന്നീട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.