പ്രവീൺ സൂദ് സിബിഐയുടെ പുതിയ മേധാവി
വെബ് ഡെസ്ക്
Sunday, May 14, 2023 9:56 PM IST
ന്യൂഡൽഹി: സിബിഐയുടെ പുതിയ മേധാവിയായി കർണാടക പോലീസ് മേധാവി പ്രവീൺ സൂദിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. ഈ മാസം കാലാവധി അവസാനിക്കുന്ന സുബോധ് കുമാർ ജയ്സ്വാളിന്റെ പിൻഗാമിയായിട്ടാണ് പ്രവീൺ സൂദിന്റെ നിയമനം.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തി അടുത്ത ദിവസമാണ് പ്രവീൺ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്. ബിജെപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടപടിയെടുക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.
പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് അവസാന പട്ടികയിൽ പരിഗണിച്ചിരുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്.