ലോക നഴ്സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന: മന്ത്രി വീണാ ജോർജ്
Friday, May 12, 2023 6:42 PM IST
തിരുവനന്തപുരം: ആർദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടർ വന്ദനയുടെ വേർപാടിന്റെ സാഹചര്യത്തിൽ നഴ്സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി പുതിയ സ്വപ്നങ്ങൾ കണ്ടയാളാണ് ഡോ. വന്ദനയെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കൈയിൽ നിന്നും പൈസ എടുത്തു കൊടുത്ത് സഹായിച്ച ഒരു ഡോക്ടർ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്സസ് ദിനാചരണം തിരുവനന്തപുരം എകെജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന അതിക്രമങ്ങളെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ തടയുന്നതിന് വിവിധ സംഘടനകളുമായി ചർച്ച ചെയ്ത് നിയമഭേദഗതിക്ക് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ഓർഡിനൻസ് അടിയന്തരമായി പുറത്തിറക്കും. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കി, ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പെരുമാറുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.