ട്വിറ്ററിനെ നയിക്കാൻ ഒരു വനിതയെ കണ്ടെത്തിയെന്ന് മസ്ക്; പേര് സസ്പെൻസ്
Friday, May 12, 2023 7:48 AM IST
ന്യൂയോർക്ക്: ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പോസ്റ്റിലേക്ക് ഒരു വനിതയെ നിയമിച്ചതായി ഇലോൺ മസ്ക്. അവർ ആറു ആഴ്ചയ്ക്കുള്ളിൽ ചുമതലയേറ്റെടുക്കുമെന്ന് ഇലോണ്‍ മസ്ക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. എന്നാൽ പുതിയ സിഇഒയുടെ പേര് മസ്ക് ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടില്ല.
താന്‍ ട്വിറ്ററിന്റെ എക്സിക്യൂട്ടീവ് ചെയർമാനായും ചീഫ് ടെക്നോളജി ഓഫീസറായും തുടരുമെന്നും പ്രോഡക്ട്റ്റ്, സോഫ്റ്റ്വെയർ, സിസോപ്പുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ തീരുമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മസ്ക് പുറത്തുവിട്ടിട്ടില്ല.
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക്, താൻ കമ്പനിയുടെ സ്ഥിരം സിഇഒ അല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. അതിനിടെ, അടുത്തിടെ, താന്‍ കമ്പനിയുടെ സിഇഒ ആയി തുടരുന്നതിനെ എത്ര പേര് അംഗീകരിക്കുന്നു എന്നറിയാന്‍ മസ്ക് ഒരു ട്വിറ്റര്‍ പോള്‍ നടത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും അദ്ദേഹം ട്വിറ്റര്‍ മേധാവി ആവേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്.
ട്വിറ്ററിന്റെ സിഇഒ ആവാന്‍ മാത്രം വിഡ്ഡിയായ ഒരാളെ ലഭിച്ചാല്‍ താന്‍ ഉടന്‍ സ്ഥാനമൊഴിയും എന്നായിരുന്നു സർവേഫലത്തോടുള്ള മസ്കിന്റെ പ്രതികരണം.