കേന്ദ്രാനുമതി വൈകി; മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദർശനം റദ്ദായി
Thursday, May 11, 2023 7:53 PM IST
തിരുവനന്തപുരം: കേന്ദ്രാനുമതി വൈകി ലഭിച്ചതിനെ തുടർന്നു മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദർശനം റദ്ദായി. മലയാളം മിഷന്റെ നേതൃത്വത്തിൽ യുഎഇയിലെ രണ്ടിടങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി സജി ചെറിയാൻ കേന്ദ്രാനുമതി തേടിയത്.
വെള്ളിയാഴ്ചയാണ് യുഎഇയിൽ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച യുഎഇയിലേക്കു പോകാൻ വിമാന ടിക്കറ്റും മുൻകൂട്ടി എടുത്തിരുന്നു. എന്നാൽ, ബുധനാഴ്ചയ്ക്കു മുൻപു കേന്ദ്രാനുമതി ലഭിച്ചില്ല.
വ്യാഴാഴ്ച വൈകുന്നേരമാണ് മന്ത്രിയുടെ വിദേശയാത്രയ്ക്കു കേന്ദ്രാനുമതി ലഭിച്ചത്. യുഎഇ സന്ദർശനത്തിനുള്ള മന്ത്രി സജി ചെറിയാന്റെ അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു വൈകി ലഭിച്ചതിനാലാണ് അനുമതിയും വൈകിയതെന്നാണ് ഇത് സംബന്ധിച്ച് അധികൃതർ പറയുന്നത്.
അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നു.