ബ്രിജ് ഭൂഷനെതിരായ കേസ്; പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
Thursday, May 11, 2023 3:41 PM IST
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ
ലൈംഗിക പീഡനപരാതി നല്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കി.
പീഡനം നടന്നതായി ഉന്നയിക്കപ്പെടുന്ന ടൂര്‍ണമെന്റുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ദേശീയ ഗുസ്തി ഫെഡറേഷന് കോടതി നോട്ടീസയച്ചു. താരങ്ങളുടെ പരാതിയില്‍ പറയുന്ന ടൂര്‍ണമെന്റുകളുടെ വിവരങ്ങളാണ് കോടതി തേടിയത്.
അതേസമയം ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം തുടരുകയാണ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് താരങ്ങള്‍.
കഴിഞ്ഞ ഏപ്രില്‍ 21നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയാറായില്ല.
പിന്നീട് സുപ്രീംകോടി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ പോക്സോ കേസ് ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.