ശിവകുമാറിനെതിരെയുള്ള ആ കത്ത് ഞാന്‍ എഴുതിയതല്ല, നടക്കുന്നത് വ്യാജപ്രചാരണം: സിദ്ധരാമയ്യ
Tuesday, May 9, 2023 3:37 PM IST
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ആര്‍എസ്എസുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ പരാജയഭീതി മൂലമാണ് ബിജെപി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കിംവദന്തികള്‍ കണ്ട് വഞ്ചിതരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.കെ.ശിവകുമാറുമായി തനിക്കുള്ള ബന്ധം സൗഹാര്‍ദ്ദപരമാണ്. തങ്ങളുടെ സൗഹൃദം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. വ്യാജക്കത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
ശിവകുമാര്‍ സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുകയാണെന്നും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്താണ് സിദ്ധരാമയ്യയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് സിദ്ധരാമയ്യ രംഗത്തുവന്നത്.