ബാരാമുള്ളയിലും ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ
Saturday, May 6, 2023 4:51 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടങ്ങി. ബാരാമുള്ളയിലെ കർഹാമ കുൻസർ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സേനയും പോലീസും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് കാഷ്മീർ സോൺ പോലീസ് അറിയിച്ചു.
അതേസമയം, രജൗരിയിൽ കാണ്ഠി വനമേഖലയിൽ പുലർച്ചെയും തെരച്ചിൽ തുടരുകയാണ്. കാണ്ഠിയിലെ കേസരി ഹില്ലിൽ നിബിഡവനത്തിലാണ് ഭീകർക്കായി തെരച്ചിൽ നടത്തുന്നത്. രജൗരി മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നതുൾപ്പെടെ മുൻകരുതലും സ്വീകരിച്ചു.
കഴിഞ്ഞദിവസം രജൗരിയിൽ പ്രത്യേകസേനയുടെ തെരച്ചിലിനിടെ ഭീകരർ നടത്തിയ സ്ഫോടനത്തിൽ അഞ്ച് സൈനികർക്കു വീരമൃത്യു വരിച്ചിരുന്നു. ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്കിടയിലെ ഒരു ഗുഹയിലാണ് ഭീകരർ ഒളിച്ചത്. ഇവരെ പിടികൂടാനായുള്ള തെരച്ചിലിനിടെ ഭീകരർ സ്ഫോടകവസ്തു എറിയുകയായിരുന്നു.