കർണാടക തെരഞ്ഞെടുപ്പ്: പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഖാർഗെ
Friday, May 5, 2023 7:46 PM IST
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടി പരാജയപ്പെട്ടാൽ ഏത് പഴിയും ഏൽക്കാൻ തയാറാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും- ഖാർഗെ ഇന്ത്യാ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇത്തവണ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നതിനാൽ തൂക്കുസഭ ഉണ്ടാകില്ലെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടാകും. പാർട്ടി സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങൾ തയാറെടുത്തെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഒരു ദിവസം താൻ നാല് യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. വൈകുന്നേര യോഗങ്ങളിൽ പങ്കെടുക്കാൻ 100 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും. ബിജെപിയെ പരാജയപ്പെടുത്താൻ തീരുമാനിച്ചു കഴിഞ്ഞു, അതിനാൽ ഇതെല്ലാം തങ്ങൾ സഹിച്ച് മുന്നോട്ടുപോകുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.