ഡിവൈഎഫ്ഐയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിന് ഒന്നും പഠിക്കാനില്ല: ഷാഫി പറമ്പില്‍
Friday, May 5, 2023 12:16 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമർശിച്ചുകൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്ന് ഷാഫി പറഞ്ഞു.
കോവിഡ് കാലത്ത് പല രാജ്യങ്ങളില്‍നിന്നുള്ള 595 ആളുകളെ തികച്ചും സൗജന്യമായാണ് സംഘടന നാട്ടിലെത്തിച്ചത്. പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തല താഴ്ത്തേണ്ട സാഹചര്യം സംഘടനയ്ക്ക് ഉണ്ടായിട്ടില്ല.
ഡിവൈഎഫ്ഐയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിന് ഒന്നും പഠിക്കാനില്ല. എന്നാല്‍ നേതാക്കന്മാര്ക്ക് തങ്ങളെ തിരുത്താന്‍ അവകാശമുണ്ടെന്നും ഷാഫി പ്രതികരിച്ചു.
കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവര്‍ത്തിച്ചെന്നും ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി മാതൃകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ കെയറുണ്ടായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു.