ആരാധകരുടെ 33 വർഷത്തെ കാത്തിരിപ്പിന് വിരാമം; കിരീടനേട്ടവുമായി നാപ്പോളി
Friday, May 5, 2023 8:41 AM IST
റോം: ഒടുവില്‍ 33 വര്‍ഷത്തിനുശേഷം ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. നാപ്പോളി സീരി എ ഫുട്ബോൾ കിരീടം ഉറപ്പിച്ചു. എവേ മത്സരത്തിൽ ഉഡിനീസിനെതിരെ സമനില പിടിച്ചതോടെയാണ് നാപ്പോളി കിരീടമുറപ്പിച്ചത്. നപോളിക്കായി വിക്ടർ ഒസിംഹെനും (52') ഉഡിനീസിനായി സാൻഡി ലോവ്റിക്കും (13') ഗോൾ നേടി.
ഈ സമനിലയോടെ നപോളിക്ക് 33 മത്സരങ്ങളിൽ 80 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ലാസിയോയിൽ നിന്ന് 18 പോയിന്റിന്റെയും യുവന്റസിൽ നിന്ന് 17 പോയിന്റിന്റെയും മുൻതൂക്കം നാപ്പോളിക്കുണ്ട്. ലീഗിൽ ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മറ്റു ടീമുകൾക്ക് നാപ്പോളിയെ മറികടക്കാൻ സാധിക്കില്ല.
1989-90 സീസണിലാണ് നാപ്പോളി അവസാനമായി സീരി എ കിരീടം നേടുന്നത്. അതിനു മുമ്പ് 1986-87 സീസണിലും നാപ്പോളി കിരീടം ചൂടിയിരുന്നു. ഇതിഹാസ താരം ഡീഗോ മറഡോണയുടെ മിന്നും പ്രകടനമായിരുന്നു നാപ്പോളിയുടെ അന്നത്തെ കിരീട നേട്ടങ്ങൾക്ക് പിന്നിൽ.