ഗുസ്തി താരങ്ങളുടെ ഹര്‍ജി തീര്‍പ്പാക്കി; പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി
Thursday, May 4, 2023 2:53 PM IST
ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഗുസ്തി താരങ്ങളുടെ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. കേസ് സംബന്ധിച്ച് എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ പരാതിക്കാര്‍ക്ക് മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടും ഡല്‍ഹി പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗുസ്തി താരങ്ങള്‍ നല്കിയ ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി കൂടുതല്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ക്ക് സുരക്ഷ നല്‍കിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
അതേസമയം ഏഴ് താരങ്ങളുടെ പരാതിയില്‍ നാല് പേരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷന് ചാനല്‍ ചര്‍ച്ചകളില്‍ ചെന്നിരുന്ന് പരാതിക്കാരുടെ പേര് വിളിച്ചു പറയുകയാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.