മോദിയറിയണം പാക്കിസ്ഥാനാണ് ഭേദം; മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വീണ്ടും താഴേയ്ക്ക്
Wednesday, May 3, 2023 10:20 PM IST
ന്യൂഡൽഹി: ആഗോള മാധ്യമ സ്വാതന്ത്യ സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് വീണ്ടും ഇടിഞ്ഞു. മുൻ വർഷത്തെ 150-ാം സ്ഥാനത്തു നിന്നും 2023ൽ മാധ്യമ സ്വാതന്ത്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തെത്തി.
അതേസമയം പാക്കിസ്ഥാൻ മാധ്യമ സ്വാതന്ത്യത്തിൽ ഇന്ത്യയെക്കാൾ മികച്ച റാങ്കിംഗ് നേടിയതായും ആഗോള മാധ്യമ കൂട്ടായ്മയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് തയാറാക്കിയ പട്ടിക വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ മുൻ വർഷത്തെ 157-ാം റാങ്കിൽ നിന്നും 150-ാം റാങ്കിലെത്തിയെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.
പാക്കിസ്ഥാന് പുറമേ അയൽ രാജ്യമായ ശ്രീലങ്കയും റാങ്കിംഗ് പട്ടികയിൽ മുന്നിലെത്തി. കഴിഞ്ഞ വർഷം റാങ്കിംഗിൽ 146-ാം സ്ഥാനത്തായിരുന്ന ശ്രീലങ്ക ഇക്കൊല്ലം 135-ാം സ്ഥാനത്തെത്തി. യൂറോപ്യൻ രാജ്യങ്ങളായ നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ അവസാന മൂന്ന് സ്ഥാനങ്ങളിൽ.
ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എല്ലാ വർഷവും മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിംഗ് പുറത്തിറക്കുന്നു. പൊതുതാത്പര്യം കണക്കിലെടുത്ത് വാർത്തകൾ തെരഞ്ഞെടുക്കുന്നതിനും നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മാധ്യമങ്ങൾക്കുള്ള സ്വാതന്ത്യം, വൈദഗ്ധ്യം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്.