ഭീമമായ ചെലവ്; കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിച്ച് മഅദനി
Monday, May 1, 2023 6:35 PM IST
ബംഗളൂരു: കേരളത്തിലേക്ക് വരുന്നതിന് സുരക്ഷ ഒരുക്കാനായി കർണാടക സർക്കാർ ആവശ്യപ്പെട്ട അകമ്പടിത്തുക കൂടുതലായതിനാൽ യാത്ര ഉപേക്ഷിക്കുന്നതായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. സുരക്ഷാ ചെലവ് എന്ന പേരിൽ ഇത്രയും തുക വാങ്ങുന്നത് അനീതിയാണെന്ന് മഅദനിയും കുടുംബവും അറിയിച്ചു.
മഅദനിയുടെ കേരള സന്ദർശനത്തിന് സുരക്ഷ ഒരുക്കാനായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. അകമ്പടി തുക കുറയ്ക്കണമെന്ന മഅദനിയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തുക ആവശ്യപ്പെട്ട കർണാടക സർക്കാരിന്റെ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
60 ലക്ഷം രൂപ എന്ന തുകയിൽ ഇളവ് വരുത്താനാവില്ലെന്ന് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അകമ്പടി പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കാനാകില്ലെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഏപ്രിൽ 17-നാണ് കേരളത്തിലേക്ക് പോകുന്നതിനായി മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് യാത്രാനുമതി നൽകിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തുടരാമെന്ന് കോടതി അറിയിച്ചിരുന്നു.