പൂരാവേശത്തിൽ ലയിച്ച് തൃശൂർ
Sunday, April 30, 2023 8:50 PM IST
തൃശൂർ: പൂരാവേശത്തിൽ ലയിച്ച് തൃശൂർ. വടക്കുന്നാഥന്റെ മണ്ണിലെത്തിയ ആയിരങ്ങൾ ഒരേ ആവേശത്തോടെ പൂരത്തിൽ അലിഞ്ഞുചേർന്നതോടെ പൂരം പൊടിപൂരമായി. തെളിഞ്ഞ മാനവും പൂരത്തിനു മിഴിവേകി.
കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശൂർ പൂരത്തിനാരംഭം കുറിച്ചത്. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളം അരങ്ങേറി.
ആലില ചുവട്ടിലെ കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ നടന്ന മഠത്തിൽ വരവും ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രാമാണ്യത്തിൽ സിംഫണിയും തെക്കേഗോപുരനടയിലെ വർണക്കാഴ്ചയും വിസ്മയം തീർത്തു. വടക്കുന്നാഥന്റെ ഉള്ളിൽ ഇലഞ്ഞിത്തറ മേളം ആവേശമായപ്പോൾ പുറത്ത് ചേരാനെല്ലൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവന്പാടി മേളവും കൊഴുക്കുന്നുണ്ടായിരുന്നു.
വർണക്കുടകളും സ്പെഷൽ കുടകളും എൽഇഡി കുടകളും ആനപ്പുറം കയറിയിറങ്ങിയതിനൊപ്പം നഗരം നിറഞ്ഞുനിന്ന പുരുഷാരവും ആവേശത്തിന്റെ തിരമാലയിൽ ഉയർന്നു പൊങ്ങി. ഇത്തവണ എൽഇഡി കുടകളാണ് ആകർഷകമായത്.
തിരുവന്പാടിയും പാറമേക്കാവും ഒരുക്കുന്ന കരിമരുന്നിന്റെ ആകാശ വർണ പൂരത്തിനായി കാത്തിരിപ്പിലാണ് ജനസാഗരം.