അരിക്കൊമ്പൻ ഇനി പെരിയാർ നിവാസി
Sunday, April 30, 2023 2:04 PM IST
തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വിഹരിച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പെരിയാർ കടുവ സങ്കേതത്തിന് സമീപത്തുള്ള ഉൾവനത്തിൽ തുറന്നുവിട്ടു. പുലർച്ചെ നാലിനാണ് കൊമ്പനെ തുറന്നുവിട്ടത്.
ജനവാസകേന്ദ്രത്തിന് 23 കിലോമീറ്റർ അകലെയാണ് ആനയെന്നും "മിഷൻ അരിക്കൊമ്പൻ' പൂർണ വിജയമാണെന്നും അധികൃതർ അറിയിച്ചു. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയോടെയാണ് ആനയെ മയക്കുവെടിവച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിൽ കയറ്റി കൊമ്പനെ ഇവിടെ എത്തിച്ചത്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലൂടെ അഞ്ച് മണിക്കൂർ നീണ്ടുനിന്ന യാത്രയ്ക്കൊടുവിലാണ് ദൗത്യസംഘം പെരിയാർ വന്യജീവി സങ്കേതത്തിലെത്തിയത്.
വനംവകുപ്പ് സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.