യൂണിറ്റിന് 20 പൈസ വരെ വർധിച്ചേക്കാം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കരട് തയാറാക്കി
Friday, April 28, 2023 7:21 PM IST
തിരുവനന്തപുരം: വൈദ്യുതി ചാർജ് യൂണിറ്റിന് മാസംതോറും 20 പൈസവരെ കൂടാനിടയാക്കുന്ന കേന്ദ്രസർക്കാർ തീരുമാനം കേരളവും നടപ്പാക്കും. ഇതിനായി കേന്ദ്രനിർദേശത്തിൽ ചില മാറ്റങ്ങൾവരുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തി.
വൈദ്യുതി വാങ്ങുന്നതിനു അധികച്ചെലവുണ്ടായാൽ ഇന്ധന സർചാർജായി മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ കെഎസ്ഇബിക്ക് വർധിപ്പിക്കാമെന്ന ഭേതഗതിയാണ് വരുത്തിയിട്ടുള്ളത്. മാസം 40 യൂണിറ്റിൽ താഴെ ഉപയോഗം ഉള്ള ഉപഭോക്താക്കളെ ഈ സർചാർജ് പട്ടികയിൽ നിന്നും ഒഴിവാക്കും.
വൈദ്യതി വിതരണ ഏജൻസികൾക്ക് ഉണ്ടാകുന്ന അധികച്ചെലവ് മുഴുവൻ അടുത്ത മാസത്തെ ഉപഭോക്താക്കളുടെ ബില്ലിലൂടെ ഈടാക്കണമെന്ന് കേന്ദ്രം വൈദ്യുതിനിയമത്തിൽ ഭേതഗതി നടപ്പാക്കിയിരുന്നു. എന്നാൽ, ഈ നിർദേശം പൂർണമായും അംഗീകരിക്കാൻ സംസ്ഥാനം തയാറായില്ല.
അധികച്ചെലവു മുഴുവൻ ഈടാക്കുന്നതിനു പകരം ഇന്ധനച്ചെലവിലെ വ്യത്യാസംമാത്രം (ഇന്ധന സർചാർജ്) ജനങ്ങളിൽ നിന്ന് ഈടാക്കിയാൽമതിയെന്നാണ് സംസ്ഥാന കമ്മീഷന്റെ ചട്ടം. ഓരോമാസത്തെയും വൈദ്യുതോത്പാദനത്തിനുള്ള ഇന്ധനച്ചെലവ് സംബന്ധിച്ച് അടുത്തമാസം 25ന് റെഗുലേറ്ററി കമ്മീഷൻ കണക്ക് പ്രസിദ്ധീകരിക്കണം. എത്ര പൈസവീതം യൂണിറ്റിന് ഈടാക്കുമെന്നും കമ്മിഷനെ അറിയിക്കണം. അതിന് അടുത്തമാസംമുതൽ ഈടാക്കാമെന്ന രീതിയിലാണ് കരട് തയാറാക്കിയിട്ടുള്ളത്.