പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി
Friday, April 28, 2023 10:06 AM IST
കൊച്ചി: പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നസീര്‍ ഹുസൈന്(23) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴിന് പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്സല്‍ പ്ലൈവുഡ് ഫാക്ടറിയിലായിരുന്നു അപകടം. 15 അടി താഴ്ചയുള്ള കുഴിയില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹുസൈന് കാല് വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും രണ്ട് ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തെരച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.