വാളയാറിൽ ടാങ്കർ ലോറി അപകടം; വൻ തോതിൽ വാതക ചോർച്ച
Thursday, April 27, 2023 10:13 PM IST
പാലക്കാട്: വാളയാറിൽ ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം. കാർബൺ ഡയോക്സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
വാഹനം ഇടിച്ചതിനെ തുടർന്ന് ടാങ്കർ ലോറിക്ക് ചോർച്ചയുണ്ടായി. വൈകുന്നേരം 3.10 ന് വാളയാറിനു സമീപം വട്ടപ്പാറ ദേശീയപാതയിലാണ് സംഭവം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് കൊച്ചിസ് ആൻഡ് കെമിക്കൽ ട്രാവൻകൂർ പ്ലാന്റിൽ നിന്ന് കോയന്പത്തൂരിലെ ശ്രീവെങ്കിടേശൻ കാർബോണിക് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിലേക്ക് പോവുകയായിരുന്നു ടാങ്കർ. ഇടിയുടെ ആഘാതത്തിൽ വാതക ടാങ്കിലെ വാൽവ് തകർന്ന് കാർബൺ ഡയോക്സൈഡ് ചോരുകയായിരുന്നു.
നിയന്ത്രണം തെറ്റിയ മിനിലോറി ഡിവൈഡർ മറികടന്ന് പാലക്കാട് ഭാഗത്തേക്കുള്ള റോഡിലേക്കിറങ്ങി മരത്തിൽ ഇടിച്ചുനിന്നു. ഇതിലെ ജീവനക്കാരായ മണികണ്ഠൻ, സുജിത്ത് എന്നിവർക്ക് തലയ്ക്കും കാലിനും പരുക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം അറിയിച്ചതിനെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ടാങ്കറിലുണ്ടായിരുന്ന വാതകം മുഴുവനും നിർവീര്യമാക്കി. പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. ഒന്നര മണിക്കൂറോളം ഗതാഗതം നിലച്ചു.