നക്സലിസം ഉടൻ തുടച്ചുനീക്കും: ഛത്തീസ്ഗഡ് മുഖ്യമന്ത്രി
Wednesday, April 26, 2023 7:29 PM IST
റായ്പുർ: സംസ്ഥാനത്ത് നിന്ന് നക്സലിസം ഉടൻ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ.
ദന്തേവാഡ ജില്ലയിൽ നക്സലുകൾ നടത്തിയ ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ വേളയിലാണ് ഭാഗേൽ ഈ പ്രസ്താവന നടത്തിയത്.
ജവാന്മാരുടെ രക്തസാക്ഷിത്വം പാഴായി പോവില്ലെന്നും നക്സലിസത്തെ സംസ്ഥാനത്ത് നിന്ന് ഉടൻ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാസേന നക്സലുകളുടെ മേൽ കനത്ത സമ്മർദമാണ് ഇക്കഴിഞ്ഞ നാളുകളിൽ ചെലുത്തിയത്. അതിനാലാണ് അവർ ഇത്തരമൊരു ഭീരുത്വം കാട്ടിയതെന്നും ഭാഗേൽ കൂട്ടിച്ചേർത്തു.
ബുധനാഴ്ച ഉച്ചയോടെയാണ് ബസ്തർ മേഖലയിലെ അരൺപുരിൽ മാവോയിസ്റ്റ് വിരുദ്ധസേന സഞ്ചരിച്ച വാഹനത്തിന് നേരെ കുഴിബോംബ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള 10 പേരും സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.
അരൺപുരിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്താൻ പോയിരുന്ന സംഘം തിരികെ മടങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്.