ഓപ്പറേഷൻ കാവേരിക്ക് കരുത്ത് പകരാൻ ഐഎന്‍എസ് തേഗ് എത്തി
Tuesday, April 25, 2023 7:22 PM IST
ഖാർത്തും: സുഡാനിൽ കുടുങ്ങിയ പ്രവാസികളെ രക്ഷപ്പെടുത്താനായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ കാവേരിക്ക് കരുത്ത് പകരാൻ നാവികസേനാ കപ്പലായ ഐഎൻഎസ് തേഗ് എത്തി.
ഇന്ന് വൈകിട്ടോടെയാണ് ഐഎൻഎസ് തേഗ് പോർട്ട് സുഡാനിൽ എത്തിച്ചേർന്നത്. പ്രവാസികൾക്കും സുഡാൻ ജനതയ്ക്കുമുള്ള അവശ്യവസ്തുക്കളുമായി എത്തിയ കപ്പലിൽ രക്ഷാദൗത്യത്തിന് സഹായം നൽകാനുള്ള ഉദ്യോഗസ്ഥരും യാത്ര ചെയ്തിരുന്നു.
പോർട്ട് സുഡാനിലെ എംബസി ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രക്ഷാദൗത്യത്തിന് ഐഎന്‍എസ് തേഗ് സഹായമേകുമെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ, 278 പ്രവാസികളെ വഹിച്ചുകൊണ്ട് ഐഎന്‍എസ് സുമേധ സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്ക് പുറപ്പെട്ടിരുന്നു. 3,000-ത്തിലേറെ ഇന്ത്യൻ പൗരന്മാർ സുഡാനിൽ തുടരുന്നുണ്ടെന്നാണ് സർക്കാർ കണക്ക്.