ബംഗാളിൽ പോലീസ് സ്റ്റേഷന് തീയിട്ട് ജനം
Tuesday, April 25, 2023 6:24 PM IST
കോൽക്കത്ത: 17 വയസുള്ള പെൺകുട്ടിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ പോലീസ് സ്റ്റേഷൻ തീ വച്ച് നശിപ്പിച്ചു.
ഉത്തർ ദിനാപൂർ ജില്ലയിലെ കാളിയാഗഞ്ജ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ "പോലീസ് നിഷ്ക്രിയത്വ'ത്തിന് എതിരായി നടത്തിയ ഉപരോധ സമരമാണ് അക്രമാസക്തമായത്.
സ്റ്റേഷന് മുമ്പിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറ് നടത്തി. തുടർന്നുണ്ടായ ലാത്തിച്ചാർജിനിടെ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറിയ ചിലർ തീവയ്പ് നടത്തുകയായിരുന്നു.
ഏപ്രിൽ 21-നാണ് മേഖലയിലെ കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് പ്രദേശവാസികൾ അന്ന് അക്രമം അഴിച്ചുവിട്ടിരുന്നു.
ഇതിനിടെ, സംഘർഷഭരിതമായ പ്രദേശത്ത് ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വേഗത്തിൽ വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ കാളിയാഗഞ്ജ്, റായ്ഗഞ്ജ് സ്റ്റേഷനുകളിലെ എഎസ്എ റാങ്കിലുള്ള നാല് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.