ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇനിയുണ്ടാകും "സച്ചിന് തെണ്ടുല്‍ക്കര്‍ സ്റ്റാന്‍ഡ്'
Tuesday, April 25, 2023 2:11 PM IST
ഷാര്‍ജ: എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ആദരവൊരുക്കി യുഎഇ. ഇതിഹാസ താരത്തിന്റെ 50-ാം ജന്മദിനത്തില് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാന്‍ഡിന് "സച്ചിന് തെണ്ടുല്‍ക്കര്‍ സ്റ്റാന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തു.
തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിലാണ് സ്റ്റാന്‍ഡിന് പേരിട്ടത്. ക്രിക്കറ്റിനായി ഇത്രയധികം കാര്യങ്ങള്‍ ചെയ്തിട്ടുള്ള സച്ചിനോട് നന്ദി പ്രകടിപ്പിക്കാനുള്ള തങ്ങളുടെ ചെറിയ മാര്‍ഗമാണിതെന്ന് ഷാര്‍ജ സ്റ്റേഡിയം സിഇഒ ഖലാഫ് ബുഖാതിര്‍ പറഞ്ഞു.
ജന്മദിനത്തിന്റെ പേരില്‍ മാത്രമല്ല, 1998-ല്‍ ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ത്രികോണ പരമ്പരയായ കൊക്കകോള കപ്പില്‍ അദ്ദേഹം തുടര്‍ച്ചയായി നേടിയ ശതകങ്ങളുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുമാണ് "സച്ചിന് തെണ്ടുല്‍ക്കര്‍ സ്റ്റാന്‍ഡ്' സ്ഥാപിക്കപ്പെടുന്നത്.
"ഡെസേര്‍ട്ട് സ്റ്റോം' എന്ന പേരില്‍ ഏറെ പ്രസിദ്ധമാണ് സച്ചിന്റെ ഷാര്‍ജ സെഞ്ച്വറികള്‍. 50-ാം ജന്മദിനത്തില് സച്ചിനെ ആദരിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലും അദ്ദേഹത്തിന്റെ പേരില്‍ ഒരു ഗേറ്റ് സ്ഥാപിച്ചിരുന്നു.