ടോയ്ലറ്റിൽ പ്രസവിച്ചശേഷം നവജാതശിശുവിനെ യുവതി ജനലിലൂടെ പുറത്തേക്കെറിഞ്ഞു
Tuesday, April 25, 2023 12:27 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കസബയിൽ ഒരു യുവതി ടോയ്ലറ്റിൽവച്ച് പ്രസവിച്ചശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു കൊന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് ആർത്തവചക്രം പതിവായതിനാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പറഞ്ഞതായി പോലീസ് പറഞ്ഞു. ശനിയാഴ്ച ടോയ്ലറ്റിൽവച്ച് ഒരു ആൺകുഞ്ഞിന് അവൾ ജന്മം നൽകി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ യുവതി ഉടനെ കുട്ടിയെ ജനലിലൂടെ പുറത്തേക്കെറിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
ജനൽ ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ കസ്ബ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
സ്ത്രീയുടെ ശരീരത്തിൽ നിന്ന് രക്തം വരുന്നതായി കണ്ടെത്തി. ഉടനെ അവളെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ കുഞ്ഞ് മരിച്ചുവെന്നും പോലീസ് പറഞ്ഞു.
മാനസിക വിഭ്രാന്തിയുള്ള യുവതി 2022ൽ വിവാഹം കഴിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.