ഓപ്പറേഷൻ കാവേരി: ഏകോപനത്തിനായി വി. മുരളീധരൻ സൗദിയിലേക്ക്
Monday, April 24, 2023 10:33 PM IST
ന്യൂഡൽഹി: അഭ്യന്തര യുദ്ധം മൂലം സംഘർഷഭരിതമായ സുഡാനിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനായി തുടക്കമിട്ട "ഓപ്പറേഷൻ കാവേരി'യുടെ ഏകോപന ചുമതല വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നൽകി സർക്കാർ.
ദൗത്യത്തിന് നേതൃത്വം നൽകാനായി മന്ത്രി സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെടും. ചൊവ്വാഴ്ച ജിദ്ദയിൽ എത്തി ചുമതല ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. കൊച്ചിയിലെ യുവം 2023 കോൺക്ലേവ് വേദിയിൽ വച്ചാണ് ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഓപ്പേറഷൻ കാവേരി രക്ഷാദൗത്യത്തിലെ ആദ്യ മിഷനിൽ 500 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ നേരത്തെ അറിയിച്ചിരുന്നു.
പോർട്ട് സുഡാനിലേക്ക് സുരക്ഷിതമായി എത്തിച്ച പ്രവാസികളെ നാവികസേന കപ്പലായ ഐഎൻഎസ് സുമേധയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. സുഡാനിൽ തുടരുന്ന മറ്റ് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സി - 130 ജെ വിമാനം തയാറാണെന്നും സർക്കാർ വ്യക്തമാക്കി.