ലാവ്ലിൻ കേസ് മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയെന്ന് കോൺഗ്രസ്
Monday, April 24, 2023 6:57 PM IST
തിരുവനന്തപുരം: ലാവ്ലിൻ കേസിലെ വാദം 33-ാം തവണയും കോടതി മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന ആരോപണവുമായി കോൺഗ്രസ്.
ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ കാണില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവിച്ചു.
പരമോന്നത നീതിപീഠത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങൾക്കു പാടേ വിശ്വാസം നഷ്ടപ്പെടുന്ന ഈ നടപടിയുടെ പിന്നിലുള്ള നാടകങ്ങൾ എന്നെങ്കിലും പുറത്തുവരും. പരമോന്നത കോടതിയിൽ ഇതാണു സംഭവിക്കുന്നതെങ്കിൽ ജനങ്ങൾ നീതി തേടി എവിടെപ്പോകുമെന്നും സുധാകരൻ ചോദിച്ചു.
വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയ ജസ്റ്റീസ് സി.ടി. രവികുമാർ ലാവ്ലിൻ കേസ് ഹൈക്കോടതിയിൽ കേട്ട ജഡ്ജിയാണെന്ന് എല്ലാവർക്കും അറിയാം. പിന്നെങ്ങനെയാണ് അദ്ദേഹവും ജസ്റ്റീസ് എം.ആർ. ഷായും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
കേരളത്തിന് ഡൽഹിയിലുള്ള പിടിപാട് എത്ര ശക്തമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി ഏറ്റവും സന്തോഷകരമായ ഒരു വാർത്തയാണ് മുഖ്യമന്ത്രിക്ക് നൽകിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.