എഐ കാമറ പദ്ധതിയില്‍ വന്‍ അഴിമതി; എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികൾ: സതീശന്‍
Monday, April 24, 2023 12:03 PM IST
തിരുവനന്തപുരം:എഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ കമ്പനിക്ക് മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ല. ധനവകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ച് ഇവര്‍ ബംഗളൂരു കേന്ദ്രീകൃതമായ എസ്ആര്‍ഐടി കമ്പനിക്ക് ഉപകരാര്‍ നല്‍കി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് പോലും അറിയില്ലെന്നും സതീശന്‍ പറഞ്ഞു.
ഒരു കാമറയ്ക്ക് 9.5 ലക്ഷം രൂപയായെന്ന വാദം തെറ്റാണ്. കമ്പനി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ക്ക് അതിന്‍റെ പത്തിലൊന്ന് വില പോലുമില്ല. ഇതിലും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാമായിരുന്നു. ഇതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പൂര്‍ണമായി വാങ്ങാന്‍ കിട്ടുന്ന കാമറ കെല്‍ട്രോണ്‍ പാര്‍ട്സ് ആയി വാങ്ങി അസംബിള്‍ ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം. 70 കോടി മാത്രമാണ് കാമറയ്ക്ക് ചെലവ്. സാധാരണ കാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്‍റി കിട്ടും. എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്‍റനൻസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
എസ്ആര്‍ഐടി കമ്പനിക്ക് കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്ന് ചേരുന്നതെന്നും സതീശന്‍ ആരോപിച്ചു.
ഒരു വര്‍ഷം ആയിരം കോടി രൂപ ഈ പദ്ധതി വഴി ജനങ്ങളില്‍നിന്ന് കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.