യുവതിയുമായി വീഡിയോ കോൾ; ജാർഖണ്ഡ് മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി
Monday, April 24, 2023 10:34 AM IST
റാഞ്ചി: യുവതിയുമായുള്ള വീഡിയോ ചാറ്റ് പുറത്തായി വിവാദത്തിലായ ജാർഖണ്ഡ് ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്തയുടെ രാജി ആവശ്യപ്പെട്ട് ബിജെപി. വീഡിയോ വഴി കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്തുവന്നുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
വീഡിയോ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് പ്രതുൽ ഷഹ്ദിയോ ആവശ്യപ്പെട്ടു.
അതേസമയം, തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജവും എഡിറ്റ് ചെയ്തതുമാണെന്നാണ് ബന്ന ഗുപ്തയുടെ വാദം. തന്റെ പ്രതിഛായ തകർക്കാനാണ് എഡിറ്റ് ചെയ്ത വീഡിയോയുമായി ബിജെപി രംഗത്തുവന്നതെന്ന് ബന്ന ഗുപ്ത ആരോപിച്ചു.