ഡൽഹി ഹൈക്കോടതിയിൽ മാസ്ക് നിർബന്ധം, കൂട്ടംകൂടരുതെന്നും നിർദേശം
Friday, April 21, 2023 5:51 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അഭിഭാഷകർ ഉൾപ്പടെ ഡൽഹി ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരും കോടതിയിലെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ചീഫ് ജസ്റ്റീസ്. കോടതി പരിസരത്ത് കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര ദുഡേജയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. 1,603 കോവിഡ് കേസുകളാണ് വ്യാഴാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർ മരിക്കുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ വർധിച്ചുവരികയാണ്. ഇത് കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അഭിഭാഷകർക്ക് സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.