ചീഫ് ജസ്റ്റീസിന് യാത്രയയപ്പ് നൽകി സർക്കാർ; സംസ്ഥാനത്ത് ആദ്യം
Wednesday, April 19, 2023 9:26 PM IST
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സർക്കാർ വക ഔദ്യോഗിക യാത്രയയപ്പ് നൽകി. ഈ മാസം 23-ന് സർവീസിൽ നിന്നും വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്നാണ് യാത്രയയപ്പ് നൽകിയത്.
ചീഫ് ജസ്റ്റീസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾ കോർട്ട് യാത്രയയപ്പും അഭിഭാഷകരുടെ നേതൃത്വത്തിലുള്ള ചടങ്ങുകളും നടത്താറുണ്ടെങ്കിലും സർക്കാർ വക പരിപാടികൾ ഉണ്ടാകാറില്ല.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി. ജോയ്, ആഭ്യന്തര സെക്രട്ടറി കെ .വേണു, നിയമസെക്രട്ടറി ഹരി നായർ തുടങ്ങിയവരും പങ്കെടുത്തു.