വന്ദേ ഭാരത് കാസർഗോഡ് വരെ നീട്ടി; തലസ്ഥാനത്ത് സമഗ്ര റെയിൽവേ വികസനം
Tuesday, April 18, 2023 10:11 PM IST
ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് കാസർഗോഡ് വരെ നീട്ടുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കേരളത്തിലെ റെയിൽവേ പാതകൾ പൂർണമായും നവീകരിക്കുമെന്നും പാളങ്ങൾ അറ്റകുറ്റപ്പണിക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ട നവീകരണം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കും. കേരളത്തിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് സഞ്ചരിക്കാവുന്ന പരമാവധി വേഗം 110 കിലോമീറ്റർ ആയി ഉയർത്തും. ഇത് പിന്നീട് 130 കിലോമീറ്ററായും തുടർന്ന് 160 കിലോമീറ്ററായും ഉയർത്താൻ ശ്രമിക്കും.
തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് സമഗ്ര റെയിൽവേ വികസനത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊച്ചുവേളി, നേമം സ്റ്റേഷനുകൾ നവീകരിച്ച് ഹോൾട്ട്, സ്റ്റാർട്ടിംഗ് പോയിന്റുകളാക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ ഇതിനാൽ സാധിക്കും.
തിരുവനന്തപുരം നഗരത്തിലെ സ്റ്റേഷനുകൾ നവീകരിച്ച് സമഗ്ര മാറ്റത്തിന് വിധേയമാക്കും. ഇതിനായി 156 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.