"ചില നടീനടന്മാർ പ്രശ്നങ്ങളുണ്ടാക്കുന്നു': താരങ്ങൾക്കെതിരേ ബി. ഉണ്ണികൃഷ്ണൻ
സ്വന്തം ലേഖകൻ
Tuesday, April 18, 2023 7:04 PM IST
കൊച്ചി: മലയാള സിനിമയിൽ ചില നടീനടൻമാർ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സിനിമയുടെ ചിത്രീകരണത്തിൽ നിസഹകരണവും എഡിറ്റിംഗിൽ അനാവശ്യമായ ഇടപെടലും ഇവർ നടത്തുന്നുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഉണ്ണികൃഷ്ണൻ പറഞ്ഞു.
ബുദ്ധിമുട്ട് നിറഞ്ഞ കാലത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. ചില നടീനടൻമാർ പ്രശ്നമുണ്ടാക്കുന്നു. പല സിനിമകൾക്കും ഒരേ ഡേറ്റ് കൊടുക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാൽ എഡിറ്റ് ചെയ്ത് ഉടൻ കാണണം എന്ന് ആവശ്യപ്പെടുന്നു. ചില നടൻമാർ അവർ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു. ഇത് സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
അഭിപ്രായം ആർക്കും പറയാം, എന്നാൽ സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി ശരിയല്ല. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കൊപ്പവും ഫെഫ്കയുണ്ട്. സിനിമയെ തിയേറ്ററുകളിൽ എത്തിക്കാൻ കെഎസ്എഫ്ഡിസിയുടെ ഭാഗത്തു നിന്നും ശ്രമം വേണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.