പൂനെയിൽ പരസ്യ ബോർഡ് തകർന്നുവീണ് അഞ്ച് പേർ മരിച്ചു
Monday, April 17, 2023 8:44 PM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഭീമൻ പരസ്യ ബോർഡിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണ് നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് പിംപ്രി ചിൻച്വാഡ് പട്ടണത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. മുംബൈ - പൂനെ അതിവേഗ പാതയ്ക്ക് സമീപത്തുള്ള രാവെത്ത് കിവ്ലെ മേഖലയ്ക്ക് സമീപത്താണ് സംഭവം നടന്നത്.
പ്രദേശത്ത് വീശിയടിച്ച കാറ്റിൽ ബോർഡ് തകർന്ന് വീഴുകയായിരുന്നു. മഴയിൽ നിന്ന് രക്ഷ നേടാൻ ബോർഡിന് കീഴെ നിന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മേഖല സുരക്ഷിതമാക്കിയതായും പോലീസ് അറിയിച്ചു.