"അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്'; നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ തുടങ്ങി
Monday, April 17, 2023 1:55 PM IST
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പാലക്കാട് നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.ആനയെ കൂട്ടിലടയ്ക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടു.
അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെ ഹൈക്കോടതി നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.