ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്
Friday, April 14, 2023 12:19 PM IST
തിരുവനന്തപുരം: പറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്. ജാമ്യം നല്കിയാല് പ്രതി സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഗ്രീഷ്മയെ കസ്റ്റഡിയില്‍ വെച്ച് തന്നെ വിചാരണ നടത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഷാരോണിന്റെ സഹോദരന് ഷിമോണും നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജികളില്‍ 28ന് കോടതി വാദം കേള്‍ക്കും.
കഴിഞ്ഞവർഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരിക്കുകയായിരുന്നു.
പാറശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയ കേസ് പിന്നീട് പ്രത്യേക സംഘം കൊലപാതകമെന്ന് തെളിയിക്കുകയായിരുന്നു. കാര്‍പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന് ഫൊറന്‍സിക് ഡോക്ടറുടെ മൊഴിയാണ് നിര്‍ണായകമായത്.