ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമ ഇന്ന് ഉദ്ഘാടനം ചെയ്യും
Friday, April 14, 2023 10:08 AM IST
ഹൈദരാബാദ്: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ഹൈദരാബാദില്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും. അദ്ദേഹത്തിന്റെ 132-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി അംബേദ്കറുടെ ചെറുമകന് പ്രകാശ് അംബേദ്കര്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമയാണ് ഹുസൈന്സാഗറിന്റെ തീരത്ത് സ്ഥാപിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന് ബുദ്ധ പ്രതിമയ്ക്ക് എതിര്‍വശത്തും തെലുങ്കാന രക്തസാക്ഷി സ്മാരകത്തിന് സമീപമായിട്ടാണ് അംബേദ്കര്‍ പ്രതിമ നിലകൊള്ളുക.
ഉത്തര്‍പ്രദേശിലെ നോയിഡയിലെ രാം സുതാര്‍ ആര്‍ട്ട് ക്രിയേഷന്‍സിലെ ശില്പികളായ രാം വന്ജി സുതാര്‍ (98) മകന് അനില്‍ റാം സുതാര്‍ (65) എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രതിമ രൂപകല്പന ചെയ്തത്.
പ്രതിമയ്ക്ക് 474 ടണ്‍ ഭാരമുണ്ട്. 360 ടണ്‍ സ്റ്റെയിന്‍ലെസ് സ്റ്റീലും 114 ടണ്‍ വെങ്കലവും ഇതിനായി ഉപയോഗിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കെട്ടിടത്തോട് സാമ്യമുള്ള 50 അടി ഉയരമുള്ള, വൃത്താകൃതിയിലുള്ള അടിത്തറ ഉള്‍പ്പെടെ 175 അടിയാണ് അംബേദ്കര്‍ പ്രതിമയുടെ ആകെ ഉയരം.