അംബേദ്കർ സ്മരണയിൽ രാജ്യം
Friday, April 14, 2023 7:33 AM IST
കോട്ടയം: ഭാരതത്തിന്റെ തിലകക്കുറിയായ ബഹുമുഖപ്രതിഭ ഡോ.ബി.ആർ. അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കാനൊരുങ്ങി ജനം.
അവകാശപോരാട്ടങ്ങൾക്ക് കരുത്ത് പകരാനും രാജ്യത്തിന്റെ മുഖമുദ്രയായ ആശയങ്ങൾ ദീപ്തമാക്കാക്കി നിർത്താനും ഡോ. അംബേദ്കറുടെ 132-ാം ജന്മവാർഷിക ദിനം കാരണമാകും. ഭരണഘടനാ ശിൽപി, നിയമവിദഗ്ധൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, ദളിത് അവകാശ പോരാളി, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം ബാബാസാഹെബ് അനുസ്മരിക്കപ്പെടും.
അംബേദ്കര് ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം അനുസ്മരണ പരിപാടികൾ അരങ്ങേറും. ബാബാസാഹെബിന്റെ ഭൗതികശരീരം സംസ്കരിച്ച ചൈത്യഭൂമിയിലും നാഗ്പുരിലെ ദീക്ഷഭൂമി സ്മാരകത്തിലും ആയിരക്കണക്കിന് പേര് സംഗമിക്കും.
ദളിത് അവകാശ പോരാളി എന്ന ഏകശിലാ രൂപത്തിലേക്ക് അംബേദ്കറെ പ്രതിഷ്ഠിക്കാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ട ദിനം കൂടിയാണിന്ന്. അംബേദ്കറെന്ന അസാമാന്യ പ്രതിഭയെ ഒരു വലിയ ജനസമൂഹത്തിൽ നിന്ന് അന്യവത്കരിക്കാനുള്ള നിതാന്ത പരിശ്രമത്തിനിടെ അദ്ദേഹം രാജ്യത്തിന് നൽകിയ വലിയ സംഭാവനകൾ പലതും വിസ്മരിക്കപ്പെടുന്നു.
നാല് ലേബർ കോഡുകളായി രാജ്യത്തെ തൊഴിൽ നിയമങ്ങൾ ചുരുക്കിയെഴുതിയ പുതു വ്യവസ്ഥിതിയുടെ വക്താക്കൾ, രാജ്യത്തെ ആദ്യ നിയമ മന്ത്രി എന്ന നിലയിൽ അംബേദ്കർ കഠിനപരിശ്രമത്തിലൂടെ രൂപം നൽകിയ തൊഴിൽ നിയമങ്ങളും അവകാശങ്ങളും വിസ്മൃതിയിലാക്കി.
പാഠപുസ്തകത്തിലെ ചരിത്രത്തെ മാറ്റിയെഴുതുന്നുവെന്ന് വിലപിക്കുന്നവർ സാമ്പത്തിക ശാസ്ത്ര ക്ലാസുകളിൽ അംബേദ്കറിന്റെ ധനശാസ്ത്ര ചിന്തകൾ ഒരിക്കലെങ്കിലും ഇടംനേടിയിട്ടുണ്ടോ എന്ന അന്വേഷിച്ചിട്ടില്ല.
ഗാന്ധിജിക്കെതിരായ ബാബാസാഹെബിന്റെ ആശയപോരാട്ടത്തെ വക്രീകരിച്ച്, അംബേദ്കർ - ഗാന്ധി സംഘർഷമെന്ന നിലയിലേക്ക് ചിലർ കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. വിഭിന്ന സാമൂഹ്യാവസ്ഥകൾ അനുഭവിച്ച ഇരുവരും ഇന്ത്യയെന്ന ആശയത്തിന് മുമ്പിൽ അദൈത്വഭാവത്തിൽ നിലനിന്നിരുന്നവരായിരുന്നു എന്നും ഈ സ്മൃതിദിനത്തിൽ നമ്മുക്ക് ഓർക്കാം.