മുസ്ലിംവീട് സന്ദർശനം കുറുക്കൻ കോഴിയെ കാണാൻ വരുന്നതുപോലെയെന്ന് കെ. സുധാകരൻ
Thursday, April 13, 2023 8:17 PM IST
തിരുവനന്തപുരം: കുറുക്കൻ കോഴിയുടെ സുഖാന്വേഷണം നടത്താൻ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ക്രിസ്ത്യൻ, മുസ്ലിം വീടുകളിൽ കയറിയിറങ്ങുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിൽ കയറുകയും ബിഷപ്പുമാരെ സന്ദർശിക്കുകയും ചെയ്തതിനു പിന്നാലെ ഇപ്പോൾ ഈദുൽ ഫിത്തറിന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാലമത്രയും മുസ്ലിംകളെ ശത്രുക്കളായി കരുതുകയും അവരോട് എണ്ണിയാലൊടുങ്ങാത്ത പാതകങ്ങൾ കാട്ടുകയും ചെയ്തതിനു പിന്നാലെ ഇത്തരം പ്രചാരണ പരിപാടികൾ കാണുന്പോൾ, പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും മായില്ലെന്ന സത്യമാണ് ഓർമ വരുന്നത്.
മുസ്ലിംകൾക്കെതിരേ കടുത്തവിവേചനത്തോടെ 2019ൽ പാസാക്കിയ പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കില്ല എന്നൊരു ഉറപ്പുപോലും നല്കാതെയാണ് ഭവനസന്ദർശനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എൻആർസി നടപ്പാക്കൽ, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഗുജറാത്ത് കലാപം, അയോധ്യയിൽ രാമക്ഷേത്രനിർമാണം, ഏകീകൃത സിവിൽ നിയമം, ആൾക്കൂട്ട കൊലപാതകങ്ങൾ, രാജ്യത്തുണ്ടായ നിരവധി കലാപങ്ങൾ തുടങ്ങി മുസ്ലിം സമുദായത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിൽ വ്യക്തത വരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നു സുധാകരൻ പറഞ്ഞു.